Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
യോഗക്ഷേമസഭ കുടുംബസംഗമവും ഡയറക്ടറിയുടെ പ്രകാശനവും നടത്തി
18/09/2024
യോഗക്ഷേമസഭ വൈക്കം ഉപസഭ കുടുംബസംഗമം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കാലം തള്ളപ്പട്ട സംസ്‌കാരത്തെ ഉപേക്ഷിച്ച് കാലത്തിന്റെ മാറ്റമനുസരിച്ച് മൂല്യബോധമുള്ള സംസ്‌കാരവുമായി കൈകോര്‍ക്കാന്‍ യോഗക്ഷേമസഭ മുന്‍നിര പ്രവര്‍ത്തകരാകണമെന്നും അതിനായി ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും ഉയര്‍ത്തിക്കാട്ടിയ ദര്‍ശനങ്ങള്‍ വിലപ്പെട്ടതായി കാണണമെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. യോഗക്ഷേമസഭ വൈക്കം ഉപസഭ സംഘടിപ്പിച്ച കുടുംബസംഗമവും, ഡയറക്ടറി പ്രകാശനവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചിന്തിക്കാനും നല്ലൊരു ഭാവി ജീവിതത്തിനു വേണ്ടി എല്ലാ വിഭാഗങ്ങളും ഒരു മാലയിലെ മുത്തുകളായി മാറണമെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് കൂട്ടിച്ചേർത്തു.
ഉദയനാപുരം ചാത്തന്‍കുടി ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഉപസഭ പ്രസിഡന്റ് വി.ഡി അജിതന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഉപസഭ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിക്ക് കൈമാറി സംസ്ഥാന പ്രസിഡന്റ് നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. യോഗക്ഷേമസഭ മുന്‍സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍ നമ്പൂതിരി, ഹരികുമാര്‍, പി.മാധവന്‍ നമ്പൂതിരി, രാജീവ് വി.നമ്പൂതിരി, സതീഷ് എസ്.പോറ്റി, സതി മണികുമാര്‍, പി.ജെ നാരായണന്‍ നമ്പൂതിരി, കെ.മധു, ജനാര്‍ദ്ദനന്‍ നമ്പൂതിരി പുതുമന, വാസുദേവന്‍ നമ്പൂതിരി പൊന്നമ്പഴത്തില്ലം, കെ.നീലകണ്ഠന്‍ നമ്പൂതിരി, ഇന്ദിരാദേവി പൊന്നമ്പഴത്തില്ലം, ശ്രീജ ശ്രീമംഗലത്ത്മന, സജിത് പുതുമന എന്നിവര്‍ പ്രസംഗിച്ചു.