ആചാരപ്രകാരം ചമയങ്ങളില്ലാത്ത വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ്
11/11/2024
വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് ഇണ്ടംതുരുത്തി മനയില്‍ എത്തിയപ്പോള്‍ ശബരിമല മുന്‍മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരിയും, വി.മുരളീധരന്‍ നമ്പൂതിരിയും, മുന്‍ മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിക്കുന്നു.
വൈക്കം: ആചാരപെരുമയോടെ മഹാദേവേ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് നടന്നു. വൈക്കം ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് വിഷ്ണു പ്രസാദ് മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ച് ഉദയനാപുരം ക്ഷേത്രത്തില്‍ കൊടിയേറ്ററിയിച്ചു. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും കൊടിയേറ്ററിയിച്ചു.
ഇണ്ടംതുരുത്തി മനയില്‍ കുടുംബാംഗങ്ങള്‍ കൊടിയേറ്ററിയിപ്പിന് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ശബരിമല മുന്‍മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരി, വി മുരളീധരന്‍ നമ്പൂതിരി, മുന്‍ മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വരവേല്‍പ് നല്‍കി. അറിയിപ്പിനെത്തിയ വിഷ്ണുപ്രസാദ്, ഇല്ലത്തെ പൂജാമുറിയില്‍ ദീപം തെളിയിച്ച ശേഷം മുഹൂര്‍ത്തച്ചാര്‍ത്ത് അധികാരികളെ വായിച്ച് അറിയിച്ചു.
അതാത് അവസരങ്ങളിലെ ഊരാഴ്മക്കാര്‍ ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണ മെന്നാണ് ആചാരം. ആറാട്ട് ദിനത്തില്‍ ഉദയനാപുരം ക്ഷേത്രത്തില്‍ കൂടി പൂജയും കൂടി പൂജ വിളക്കും നടത്തുന്നതും ആചാരമാണ്.