ആചാരപെരുമയില്‍ സ്‌കന്ദഷഷ്ഠി ആഘോഷം
08/11/2024
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് നടന്ന ക്ഷീരാഭിഷേകത്തിന്റെ കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കുന്നു.
വൈക്കം: ആചാര തനിമയോടെ ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ടി ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ നിരവധി ഭക്തരാണ് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ എത്തിയത്. സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് ഇരുമ്പൂഴിക്കര മുരുക കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലേയ്ക്ക് കാവടി എഴുന്നള്ളിച്ചു. പമ്പമേളവും, നിശ്ചല ദൃശ്യങ്ങളും അകമ്പയായി. സതീഷ് പോറ്റി നീലമന, ആചാര്യന്‍ ശിവദാസന്‍ പുത്തന്‍പുര എന്നിവര്‍ കാവടിപൂജ നടത്തി. കാവടി എഴുന്നള്ളിപ്പിന് രക്ഷാധികാരി കൃഷ്ണന്‍ മൂന്നാംകര, പ്രസിഡന്റ് ബാബു കടമ്പ്ര, സെക്രട്ടറി ശിവന്‍ ഉള്ളാടന്‍പറമ്പ്, രഘുവരന്‍ കണ്ടത്തിപ്പറമ്പ്, രവി വെളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച ശേഷം കാവടികള്‍ അഭിഷേകം നടത്തി.
എസ്എന്‍ഡിപി യോഗം ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി വ്രതവും 13 കുടുംബയൂണിറ്റുകള്‍ പങ്കെടുത്ത പാല്‍ക്കുടഘോഷയാത്രയും നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകള്‍ വ്രതശുദ്ധിയോടെ എത്തി അഭിഷേകം നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുടുംബയൂണിറ്റുകളുടെ ക്ഷീരഘോഷയാത്ര ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. ക്ഷേത്രം മേല്‍ശാന്തി രൂപേഷ് ശാന്തി ദ്രവ്യാഭിഷേകം, ക്ഷീരാഭിഷേകം, കലശാഭിഷേകം എന്നിവ ഉണ്ടായിരുന്നു. ഉച്ചപൂജയ്ക്കുശേഷം അന്നദാനവും നടത്തി. കലശം എഴുന്നള്ളിപ്പിന് ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി ടി.ആര്‍ രമേശന്‍, വൈസ് പ്രസിഡന്റ് നിതീഷ് പ്രകാശ്, മധു പുത്തന്‍തറ, രഞ്ജിത്ത്, ബിജു വാഴേക്കാട്, കെ.പി ഉത്തമന്‍, ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.