ഉദയനാപുരം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും; കൊടിയേറ്ററിയിപ്പ് ഭക്തിനിര്‍ഭരം
08/11/2024
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ കൊടിയേറ്റ് അറിയിപ്പിനായി അവകാശിയായ വാതുക്കോട്ടില്ലത്ത് സുബ്രഹ്‌മണ്യന്‍ മൂസത് ആനപ്പുറത്തേറി പോകുന്നു.
വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ എട്ടിനും 8.40നും ഇടയിലാണ് കൊടിയേറ്റ്. വേദ മന്ത്രജപവും വിവിധ വാദ്യമേളവും മുത്തുക്കുടകളും ഗജവീരന്‍മാരും അകമ്പടിയാകും. കൊടിക്കീഴിലെ കെടാവിളക്കില്‍ അസി. കമ്മിഷണര്‍ എം.ജി മധുവും കലാമണ്ഡപത്തില്‍ കുമാരനെല്ലൂര്‍ ക്ഷേത്രം തന്ത്രി കടിയക്കോല്‍ എന്‍ കൃഷ്ണന്‍ നമ്പൂതിരിയും അന്നദാന മണ്ഡപത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പനും ദീപം തെളിയിക്കും. ഉദയനാപുരത്തപ്പന്‍ പുരസ്‌കാരം നാഗസ്വര വിദ്വാന്‍ ഷാജിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍ ആദരിക്കും.
കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും കൊടിയേറ്റ് ദര്‍ശിക്കാന്‍ എത്തുന്ന കുമാരനല്ലൂര്‍ ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കെ.എന്‍ കൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം കാര്യദര്‍ശി കാഞ്ഞിരക്കാട്ട് ഇല്ലത്ത് മുരളിയും ഉള്‍പ്പെടെയുള്ള അന്‍പത് അംഗ സംഘത്തെ ഉദയനാപുരം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ചേര്‍ന്നു സ്വീകരിക്കും. കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യ ശ്രീബലി എഴുന്നള്ളിപ്പും അഹസ്സിന്റെ അരിയളക്കലും ആചാര പ്രകാരം നടത്തും.
നവംബര്‍ 16നാണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക. 17ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. കൊടിയേറ്റ് മുതല്‍ കാര്‍ത്തിക ദിനം വരെ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അന്നദാനവും അത്താഴ ഊട്ടും നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് വ്യാഴാഴ്ച നടന്നു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം അവകാശിയായ വാതുക്കോട്ടില്ലത്ത് സുബ്രഹ്‌മണ്യന്‍ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കറിന്റെ പുറത്തെഴുന്നള്ളി കൊടിയേറ്ററിയിച്ചു. വൈക്കം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് നട തുറന്നപ്പോള്‍ മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ച് ഉദയനാപുരത്തെ കൊടിയേറ്ററിയിച്ചു. തുടര്‍ന്ന് പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിച്ചു. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്ന് ആചാരമുണ്ട്.