വൈക്കത്തഷ്ടമി: സമൂഹ സന്ധ്യവേല തുടങ്ങി; ആചാരപെരുമയില്‍ ഒറ്റപ്പണ സമര്‍പ്പണം
07/11/2024
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയുടെ പ്രധാന ചടങ്ങായ ഒറ്റപ്പണം സമര്‍പ്പണം.
വൈക്കം: ആചാരപൊലിമയോടെ വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള സമൂഹങ്ങളുടെ സന്ധ്യവേല ആരംഭിച്ചു. സമൂഹങ്ങളുടെ സന്ധ്യവേലയ്ക്ക് തുടക്കം കുറിച്ചു നടന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയുടെ ഭാഗമായി നടത്തിയ ഒറ്റപ്പണം സമര്‍പ്പണം ഭക്തിനിര്‍ഭരമായി. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതായിരുന്നു വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പണം. നിറദീപങ്ങള്‍ പ്രഭ ചൊരിഞ്ഞ ദീപാരാധനയുടെ മുഹൂര്‍ത്തത്തിലാണ് ഒറ്റപ്പണം സമര്‍പ്പിച്ചത്. സമൂഹം ഭാരവാഹികള്‍ വൈക്കത്തപ്പന് പ്രണാമം അര്‍പ്പിച്ച ശേഷം നടയ്ക്കു മുന്നില്‍ വെള്ളപട്ട് വിരിച്ച് ദീപം തെളിയിച്ചു. വൈക്കം സമൂഹത്തിന്റെ ആദ്യ അംഗങ്ങള്‍ എന്ന വിശ്വാസത്തില്‍ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും പേരുകള്‍ സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി വിളിച്ചു ഒറ്റപ്പണ സമര്‍പ്പണത്തിനായി ക്ഷണിച്ചു. തുടര്‍ന്ന് തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, മൂസത്മാര്‍, പട്ടോലക്കാര്‍, കിഴിക്കാര്‍, ദേവസ്വം അധികാരികള്‍ എന്നിവരുടെ പേര് വിളിച്ചു. തന്ത്രിമാരും മേല്‍ശാന്തിമാരും, സമൂഹം ഭാരവാഹികളും ഭക്തജനങ്ങളും ആചാരപൂര്‍വം പണം സമര്‍പ്പിച്ചു. സമര്‍പ്പിച്ച പണം കിഴി കെട്ടി തലയില്‍ ചുമന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം ദേവസ്വം അധികാരികള്‍ക്ക് കൈമാറി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി ഈശ്വരന്‍ നമ്പൂതിരി, സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ഡി ഗോപാലകൃഷ്ണയ്യര്‍, പി.വി രാമനാഥന്‍, എസ് സച്ചിദാനന്ദന്‍, സുബ്രഹ്‌മണ്യം അംബികവിലാസം, ആനന്ദ് കൃഷ്ണമൂര്‍ത്തി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, അനൂപ് എസ് നമ്പൂതിരി, ടി.ഡി ശ്രീധരന്‍ നമ്പൂതിരി, മുട്ടസ്മന കുടുംബാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം വൈക്കത്തപ്പന്റെ സ്വര്‍ണത്തിടമ്പ് ആനപ്പുറത്ത് വിളക്കിനെഴുന്നള്ളിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു.
നാളെ തെലുങ്ക് സമൂഹത്തിന്റെയും, 10ന് തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെയും സന്ധ്യവേല ചടങ്ങുകള്‍ നടക്കും. 11ന് നടക്കുന്ന വടയാര്‍ സമൂഹത്തിന്റെ സന്ധ്യവേലയോടെ സമൂഹ സന്ധ്യവേലകള്‍ സമാപിക്കും.