ഭക്തിയുടെ നിറവില്‍ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ കൊടിക്കൂറ സമര്‍പ്പണം
06/11/2024
ഉദയനാപുരം ക്ഷേത്രത്തില്‍ കൊടിയേറ്റിനുള്ള കൊടിക്കൂറ വൈക്കപ്രയാര്‍ ആലുങ്കല്‍ ആര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിക്കുന്നു.
വൈക്കം: ആചാരപെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റാനുള്ള കൊടിക്കൂറ സമര്‍പ്പണം നടന്നു. ആദ്യം ഉദയനാപുരം ക്ഷേത്രത്തിലും തുടര്‍ന്ന് വൈക്കം ക്ഷേത്രത്തിലും കൊടിക്കൂറ സമര്‍പ്പിച്ചു. എക്സ്ലന്‍ഡ് കോച്ചിങ് സെന്റര്‍ ഉടമ വൈക്കപ്രയാര്‍ ആലുങ്കല്‍ പ്രതാപചന്ദ്രന്‍ ആണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമര്‍പ്പിച്ചത്. ഇരു ക്ഷേത്രങ്ങളിലെയും കിഴക്കേ ഗോപുരനടയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറ എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കൊടിമരച്ചുവട്ടില്‍ സമര്‍പ്പണം.
ഉദയനാപുരം ക്ഷേത്രത്തില്‍ കൊടിമരത്തിനു മുന്നില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ എം.എസ് വിനീത്, വാതക്കോട്ട് ഇല്ലത്ത് നീലകണ്ഠന്‍ മൂസത്, ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേത്ര ഉപദേശക ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ കൊടിമരത്തിനു മുമ്പില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി ഈശ്വരന്‍ നമ്പൂതിരി, കിഴക്കേടത്ത് ഇല്ലത്ത് ശങ്കരന്‍ മൂസത് എന്നിവര്‍ ചേര്‍ന്ന് കൊടിക്കൂറ ഏറ്റുവാങ്ങി. ചമയ നിര്‍മാതാവ് ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാണംപറമ്പില്‍ കെ.ജി സാജനാണ് വ്രതം അനുഷ്ഠിച്ച് കൊടിക്കൂറ ഇക്കുറിയും തയ്യാറാക്കിയത്.
വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ നന്ദികേശ്വന്‍, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാന്‍ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ ചന്ദ്രക്കല, വെള്ളി കുമിള, തമിഴില്‍ ഓം എന്നക്ഷരം, മയില്‍ വാഹനം കാളാഞ്ചി, ഓട്ടുമണി എന്നിവയും ആലേഖനം ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട്, വൈക്കം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.വി നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് ആര്‍ ദിവാകരന്‍, സെക്രട്ടറി രാജശേഖരന്‍ നായര്‍, ഉഷ നായര്‍, ഓമന മുരളീധരന്‍, വി.പി സിജു, ബിനോജി, കെ.കെ ബാബു, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.