വൈക്കത്തഷ്ടമി: ഭക്തിയുടെ നിറവില്‍ കുലവാഴ പുറപ്പാട്
11/11/2024
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടന്ന സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട്.
വൈക്കം: ഭക്തിയുടെ നിറവില്‍ വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള ടൗണിലെ സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് നടന്നു. ചാലപറമ്പ് കാര്‍ത്യാകുളങ്ങര ധര്‍മശാസ്ത ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കുലവാഴ പുറപ്പാടിന് താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, മയിലാട്ടം എന്നിവ അകമ്പടിയായി. പുളിംചുവട്, മുരിയന്‍കുളങ്ങര, കിഴക്കേനട, തെക്കേനട, പടിഞ്ഞാറെനട വഴി അലങ്കരിച്ച വാഹനത്തില്‍ ദീപാരാധനക്കുശേഷം വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ കുലവാഴകളും കരിക്കിന്‍ കുലകളും ദേവസ്വം ഭാരാവാഹികള്‍ ഏറ്റുവാങ്ങി. പിന്നീട് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കുലവാഴകളും കരിക്കിന്‍ കുലകളും കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് ലക്ഷദീപവും വിവിധ കലാപരിപാടികളും നടത്തി. കൊടിയേറ്റ് ദിവസവമായ ഇന്നും രണ്ടാം ഉത്സവ ദിവസമായ നാളെയും മേഖല കരയോഗങ്ങളുടെ നേതൃത്വത്തില്‍ പുഷ്പാലങ്കാരവും അഹസ്സും ഉണ്ടാവും. ഇന്ന് രാത്രി കൊടിപ്പുറത്ത് വിളക്കും നടത്തും.
1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി കരയോഗത്തിന്റെ ആതിഥേയത്വത്തില്‍, 1573-ാം നമ്പര്‍ കിഴക്കുംചേരി നടുവിലെമുറി, 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1634-ാം പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി, 1820-ാം പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലും എന്‍എസ്എസ് യൂണിയന്റെ സഹകരണത്തോടെയുമാണ് കുലവാഴ പുറപ്പാട് നടത്തിയത്.
കരയോഗം പ്രസിഡന്റ് എസ് ഹരിദാസന്‍ നായര്‍, വൈസ് പ്രസിഡന്റ് രാജീവ് സി.നായര്‍, സെക്രട്ടറി എം.വിജയകുമാര്‍, ട്രഷറര്‍ കെ.ടി രാംകുമാര്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍, സെക്രട്ടറി അഖില്‍ ആര്‍ നായര്‍, എസ് മധു, ബി ജയകുമാര്‍ കെ.പി രവികുമാര്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, ബി ശശിധരന്‍ പി.എന്‍ രാധാകൃഷ്ണന്‍, കെ.എം നാരായണന്‍ നായര്‍, രാജേന്ദ്ര ദേവ്, എസ്.യു കൃഷ്ണകുമാര്‍, എസ് പ്രതാപ്, ശ്രീഹര്‍ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.