Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
13
November  2024
Wednesday
DETAILED NEWS
വൈക്കത്തഷ്ടമിക്ക് വിപുലമായ ഒരുക്കങ്ങള്‍; ആലോചനായോഗം ചേര്‍ന്നു
04/11/2024
വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായി വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സംസാരിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും അതിനായി  പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. വൈക്കത്തഷ്ടമി-ശബരിമല തീര്‍ഥാടക സൗകര്യങ്ങള്‍ വിലയിരുത്താന്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബര്‍ 12 മുതല്‍ 23 വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്സൈസ് വിഭാഗങ്ങളുടെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കുന്നതോടൊപ്പം സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 550 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. തകരാറിലായ സി.സി ടി.വികളും ഹൈമാസ്റ്റ് ലൈറ്റുകളും അഷ്ടമിക്ക് മുന്‍പായി പ്രവര്‍ത്തനസജ്ജമാക്കും. ലഹരിയെ പ്രതിരോധിക്കാനായി സംയുക്ത സ്‌ക്വാഡ് രൂപീകരിക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്-മരുന്ന് സേവനങ്ങളും ലഭ്യമാകും. ക്ഷേത്രത്തിനു സമീപം പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും.
കച്ചവട സ്ഥാപനങ്ങളിലെ വിലനിലവാരം ഏകീകരണത്തിനും, ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഗുണമേന്മ ഉറപ്പാക്കാനും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന  നടത്തും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. ചീഫ് വെറ്ററനറി ഓഫീസറുടെ നേതൃത്വത്തില്‍ എലഫെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കും.
ജലഗതാഗതവകുപ്പ് സ്പെഷല്‍ ബോട്ട് സര്‍വീസ് ഉള്‍പ്പെടെ നടത്തും.  കെഎസ്ആര്‍ടിസി വിവിധ സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.  നഗരത്തില്‍ ഇ-ടോയ്‌ലറ്റ് സംവിധാനം ഒരുക്കും. താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് അടിയന്തരമായി നന്നാക്കാനും യോഗത്തില്‍ തീരുമാനമായി.
ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്‍മ സേനാംഗങ്ങള്‍ക്കൊപ്പം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളെയും നിയോഗിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിയോര കച്ചവടത്തിന് അനുമതി നല്‍കുമ്പോള്‍ വൈദ്യുതിത്തൂണുകള്‍ കടകള്‍ക്കുള്ളില്‍ വരാത്ത വിധം നല്‍കണമെന്ന കെഎസ്ഇബിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍,  നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, പാലാ ആര്‍ഡിഒ ഇന്‍ ചാര്‍ജ് എം അമല്‍ മഹേശ്വര്‍, അഡീഷണല്‍ എസ്.പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്.പി സിബിച്ചന്‍ ജോസഫ്, തഹസില്‍ദാര്‍ എ.എന്‍ ഗോപകുമാര്‍, ദേവസ്വം കമ്മീഷണര്‍ കെ.ആര്‍ ശ്രീലത, ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ എം.ജി മധു, അസി. എഞ്ചിനീയര്‍ സി ജെസ്ന, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നീതു രവികുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്.പി ടിപ്‌സണ്‍ തോമസ്, കൗണ്‍സിലര്‍ കെ.ബി ഗിരിജ കുമാരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.വി നാരായണന്‍ നായര്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


OTHER STORIES
  
വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
ആചാരപ്രകാരം ചമയങ്ങളില്ലാത്ത വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ്
വൈക്കത്തഷ്ടമി: ഭക്തിയുടെ നിറവില്‍ കുലവാഴ പുറപ്പാട്
ആചാരപെരുമയില്‍  ഉദയനാപുരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
ജി.എസ്.ടി വര്‍ധനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
എല്ലാവര്‍ക്കും സമത്വവും സ്വാതന്ത്ര്യവുമുള്ള രാജ്യമാകണം ഇന്‍ഡ്യ:  പ്രൊഫ. എം.കെ സാനു
ആചാരപെരുമയില്‍ സ്‌കന്ദഷഷ്ഠി ആഘോഷം
ഉദയനാപുരം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും; കൊടിയേറ്ററിയിപ്പ് ഭക്തിനിര്‍ഭരം
വൈക്കത്തഷ്ടമി: സമൂഹ സന്ധ്യവേല തുടങ്ങി; ആചാരപെരുമയില്‍ ഒറ്റപ്പണ സമര്‍പ്പണം
ഭക്തിയുടെ നിറവില്‍ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ കൊടിക്കൂറ സമര്‍പ്പണം