വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
27/10/2024
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷം പൂര്‍വവിദ്യാര്‍ത്ഥിയും മാണ്ഡ്യ രൂപത ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: അറിവിന്റെ വെളിച്ചം ഓരോ വിദ്യാര്‍ഥികളിലും നിറയണമെന്നും ആ വെളിച്ചം സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരുടെ നൊമ്പരമകറ്റാനുള്ള ദീപമായി മാറ്റിയെടുക്കാന്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്നും മാണ്ഡ്യ രൂപത ബിഷപ്പും സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് (മനയത്ത്) ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, മോനിച്ചന്‍ പെരുഞ്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സന്തോഷ്, അധ്യാപക പ്രതിനിധി ടി.വി ജോണ്‍, സെന്റ് ജോസഫ് പള്ളി ട്രസ്റ്റി മാത്യു കോടാലിച്ചിറ, പിടിഎ പ്രസിഡന്റ് എന്‍.സി തോമസ്, സ്‌കൂള്‍ ലീഡര്‍ സഹല ഫാത്തിമ, ജൂബിലി കണ്‍വീനര്‍ മാത്യു കൂടല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ആരംഭം കുറിച്ച് വൈക്കം ടൗണില്‍ വിളംബര ഘോഷയാത്ര നടത്തി. വെല്‍ഫെയര്‍ സെന്ററില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സുകേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും, വിദ്യാര്‍ഥികളും, അധ്യാപകരും പിടിഎ ഭാരവാഹികളും ഘോഷയാത്രയില്‍ അണിചേര്‍ന്നു.
1949ല്‍ സ്ഥാപിതമായ സ്‌കൂളിന്റെ വജ്ര ജൂബിലി 75 ദിവസം നീളുന്ന പരിപാടികളോടെയാണ് നടത്തുന്നത്. 2025 ജനുവരി എട്ടിന് ആഘോഷപരിപാടികള്‍ സമാപിക്കും.