മടിയത്തറ-പോളശ്ശേരി റോഡ് തകര്‍ന്നു; നാട്ടുകാര്‍ക്ക് ദുരിതയാത്ര
26/10/2024
വൈക്കം നഗരസഭയിലെ മടിയത്തറ-പോളശ്ശേരി റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന നിലയില്‍.
വൈക്കം: നഗരസഭ 21, 22, 23 വാര്‍ഡുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന മടിയത്തറ-പോളശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ ദുരിതത്തില്‍. വൈക്കം നഗരസഭയുടെ ഏറ്റവുമധികം ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റ്, ലിസ്യൂസ് ഇംഗ്ലീഷ് സ്‌കൂള്‍, വൈക്കം ടൗണ്‍, നടേല്‍പ്പള്ളി, പോളശ്ശേരി ദേവീ ക്ഷേത്രം, വെസ്റ്റ് മടിയത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാക്കനേഴത്ത് ദേവീ ക്ഷേത്രം, താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രി, വാര്‍വിന്‍ സ്‌കൂള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥയില്‍ വിഷമിക്കുകയാണ് യാത്രക്കാര്‍. റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നാട്ടുകാര്‍ പലവട്ടം പരാതി കൊടുത്തിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മടിയത്തറ-കാരയില്‍-ആയുര്‍വേദ ആശുപത്രി റോഡിലെ കലുങ്കുപാലം പുനര്‍നിര്‍മിക്കാന്‍ പാലം പൊളിച്ചു മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഇപ്പോള്‍ മടിയത്തറ-പോളശ്ശേരി റോഡാണ് ഏക ആശ്രയം. വിവിധ സ്‌കൂളുകളിലേയ്ക്ക് വരുന്ന സ്‌കൂള്‍ ബസുകള്‍ ഇതുവഴി കടന്നു പോകാന്‍ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ പുനര്‍നിര്‍മാണം അടിയന്തിരമായി നഗരസഭ ഏറ്റെടുത്ത് നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.