വജ്ര ജൂബിലി നിറവില്‍ വൈക്കം മനയത്ത് സ്‌കൂള്‍
24/10/2024
വജ്ര ജൂബിലി ആഘോഷിക്കുന്ന വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
വൈക്കം: പാഠ്യപാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ മികവ് പുലര്‍ത്തുന്ന വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് (മനയത്ത്) ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഡയമണ്ട് ജൂബിലി നിറവില്‍. 'ഡയമണ്ട് ഡയസ് ഡോണ്‍സ്' എന്ന പേരില്‍ 75 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഒക്‌ടോബര്‍ 25ന് തുടക്കമാകും. സമീപ സ്‌കൂളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കബഡി മത്സരം, എക്‌സിബിഷന്‍, വീഡിയോ പ്രസന്റേഷന്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ ഈ ദിവസങ്ങളില്‍ നടത്തും. ജൂബിലി മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനവും, നിര്‍ധനരരായ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിനുള്ള ചാരിറ്റി രൂപീകരണവും ആഘോഷ കാലയളവില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ നിന്നും സ്‌കൂള്‍ അങ്കണത്തിലേക്ക് സ്‌കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തും. തുടര്‍ന്ന് സ്‌കൂളില്‍ നടക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷം പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഡോ. ഫാ. ബര്‍ക്കുമന്‍സ് കൊടയ്ക്കല്‍ അധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് എന്നിവര്‍ പ്രസംഗിക്കും. 2025 ജനുവരി എട്ടിന് ആഘോഷ പരിപാടികള്‍ സമാപിക്കും.
1949 ല്‍ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ മേല്‍ നോട്ടത്തില്‍ മിക്സഡ് സ്‌കൂളായി ആരംഭിച്ച സെന്റ് ലിറ്റില്‍ തെരേസാസ് വിദ്യാലയം പിന്നീട് ഗേള്‍സ് സ്‌കൂളായി മാറി. 1998 ല്‍ ശാസ്ത്ര മാനവിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ റാങ്ക് ജേതാക്കളെ സൃഷ്ടിച്ചിട്ടുള്ള മനയത്ത് സ്‌കൂള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയവും ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ ഫുള്‍ എ പ്ലസും കരസ്ഥമാക്കുന്നുണ്ട്. കലാകായിക രചനാ മത്സരങ്ങളില്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ചിട്ടുള്ള ഇവിടെ എടിഎല്‍ ലാബ്, റെഡ് ക്രോസ്, ഗൈഡിങ്, എന്‍എസ്എസ്, ലിറ്റില്‍ കൈറ്റ്സ്, സൗഹൃദ ക്ലബ്, കരിയര്‍ ഗൈഡന്‍സ് എന്നിവയും മികവോടെ പ്രവര്‍ത്തിച്ചുവരുന്നു.
ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഡോ. ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, അസി. വികാരി ഫാ. ജെഫിന്‍ മാവേലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സില്‍വി തോമസ്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിന്‍, കണ്‍വീനര്‍ മാത്യു കുടല്ലി, ജോയിന്റ് കണ്‍വീനര്‍മാരായ പിടിഎ പ്രസിഡന്റ് എന്‍.സി തോമസ്, ഡോ. ഫാ. ജ്യോതിസ് പോത്താറ, ട്രസ്റ്റിമാരായ മാത്യു കോടാലിചിറ, മോനിച്ചന്‍ പെരുംഞ്ചേരി, എഡ്യൂക്കേഷന്‍ കണ്‍വീനര്‍ സോണി പുതവേലി, അധ്യാപക പ്രതിനിധികളായ ഷൈനി എഡ്വേര്‍ഡ്, സിനി അലക്‌സ്, ഷൈനി വര്‍ഗീസ്, രേഷ്മ പി ചാക്കോ, പിടിഎ അംഗങ്ങളായ സജി കുളങ്ങര, പി.കെ ദേവാനന്ദ്, കെ.ഒ
രമാകാന്തന്‍, പൊന്നമ്മ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.